നക്സൽ മേഖലയിലേക്ക് അർധരാത്രി ദൗത്യം; 4,000 കിലോമീറ്റർ സഞ്ചരിച്ച് 13കാരിയെ കണ്ടെത്തി കേരള പൊലീസ്

കേരളത്തിൽനിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് സാഹസികമായി കണ്ടെത്തി കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കേരള പൊലീസ് അതിസാഹസികമായി രക്ഷപെടുത്തിയത്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താനായി പൊലീസ് സംഘം റോഡുമാർഗം ഏകദേശം 4,000 കിലോമീറ്ററാണ് സഞ്ചരിച്ചത്.
ഓഗസ്റ്റ് 13ന് വൈകിട്ട് ആറോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് കണ്ടെത്തി.
കുറുപ്പംപടിയിൽനിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും അന്വേഷണത്തിന് തിരിച്ചടിയായി.



