ഭൂപടം പങ്കുവെച്ച് ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപനം നടത്തി ട്രംപ്

ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്രവ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരും നയതന്ത്ര ഏറ്റുമുട്ടലും കൂടുതൽ രൂക്ഷമാകുന്നു. ഹോർമുസിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പങ്കുവെച്ചുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. തന്ത്രപ്രധാനമായ ഈ സമുദ്രപാതയ്ക്ക് മേൽ അമേരിക്കയ്ക്ക് “പൂർണ നിയന്ത്രണമുണ്ടെന്നും” അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ ട്രംപിന്റെ പ്രഖ്യാപനം ഇറാൻ ശക്തമായി തള്ളി. അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ പ്രതിനിധി മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ എണ്ണവ്യാപാരത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക, വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ വിട്ടുനൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ ജൂണിൽ അമേരിക്കയുമായി ഉണ്ടായ ധാരണയുടെ ഭാഗമായിരുന്നു ഈ വ്യവസ്ഥകളെന്നും, പിന്നീട് യു.എസ്. കരാർ പാലിച്ചില്ലെന്നുമാണ് ഇറാന്റെ ആരോപണം.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും, ഒമാനെതിരെയും ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള ചർച്ചകളിൽ ഒമാൻ തടസ്സം സൃഷ്ടിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്നും ബോംബാക്രമണം നടത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ ആശയവിനിമയം തുടരുകയാണെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ വ്യക്തമാക്കി. കരാറിലെത്താൻ ഇറാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്ക മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ലെന്നും, ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ യു.എസ്. ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button