വിദ്യാർത്ഥി ആത്മഹത്യയ്ക്ക് പിന്നാലെ നടപടി… എംഎ കോളേജിൽ പുതിയ ഉത്തരവ്

കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എംഎ കോളേജ്. അഞ്ച് ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് കോളേജ് മാനേജ്മെന്റ് പുറത്തിറക്കി. സേ പരീക്ഷയുടെ ഫീസ് 6000 രൂപയിൽ നിന്ന് 1000 രൂപയായി കുറയ്ക്കാൻ തീരുമാനിച്ചു. കെ.ടി.യു നിർദേശിക്കുന്ന മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
വിദ്യാർത്ഥി അക്കാദമിക് കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാനും തീരുമാനമായി. നേരത്തെ കുറഞ്ഞ ക്രെഡിറ്റ് കാരണം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കും. അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആയിരിക്കെ എംഎ കോളേജിൽ മാത്രം ഇത് 22 ആക്കിയത് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് സഹപാഠികളുടെ ആരോപണം. മരിച്ച അരുണാചൽ സ്വദേശി മിർചി മിർപുപിനെ ഒന്നര മാസത്തോളം ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന്റെയും ആവശ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം.



