നിർണായക ഉത്തരവുമായി സുപ്രീംകോടതി… മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ സ്വത്തിൽ നിന്ന് മക്കളെ….

മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ, ആവശ്യമെങ്കിൽ മക്കളെയും അവരുടെ കുടുംബത്തെയും സ്വത്തിൽ നിന്ന് ഒഴിപ്പിക്കാൻ വയോജന ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
വാർധക്യത്തിൽ അവഗണനയും അരക്ഷിതാവസ്ഥയും അപമാനവും നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം കൊണ്ടുവന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചുവേണം നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. മുതിർന്നവർക്ക് നൽകുന്ന അന്തസ്സും ബഹുമാനവും സുരക്ഷയുമാണ് പരിഷ്‌കൃത സമൂഹത്തിന്റെ അളവുകോലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ 81 വയസ്സുള്ള മാതാവിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മകനും കുടുംബത്തിനുമെതിരെ നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
രവികാന്ത് ഗുപ്ത വാങ്ങിയ വീട്ടിലായിരുന്നു മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നത്. എന്നാൽ കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ ബലംപ്രയോഗിച്ച് വീട്ടിൽ നിന്ന് മാറ്റി ഓൾഡ് ഏജ് ഹോമിലാക്കിയെന്നാണ് പരാതി. തുടർന്ന് രവികാന്ത് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അധ്യക്ഷനായ മെയിന്റനൻസ് ട്രിബ്യൂണലിനെ സമീപിച്ചു. മകനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ട്രിബ്യൂണൽ ഉത്തരവിടുകയും ചെയ്തു. എന്നാൽ ട്രിബ്യൂണലിന്റെ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് രവികാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, മുത്തശ്ശിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ അനുമതി നൽകി. മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിൽ വയോജന ട്രിബ്യൂണലിന്റെ അധികാരം സുപ്രീംകോടതി ഇതോടെ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു.



