എഴുകുംവയൽ ഇരട്ടക്കൊലപാതകം: മാതാപിതാക്കളെ കൊലപ്പെടുത്തിയത്….

ഇടുക്കി: എഴുകുംവയലിൽ മാതാപിതാക്കളായ ആൻറണിയെയും വത്സമ്മയെയും മകൻ അജീഷ് കൊലപ്പെടുത്തിയതിന് പിന്നിൽ പണം നൽകാത്തതിലെ വൈരാഗ്യമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ലോൺ ആപ്പുകളിൽ നിന്ന് അജീഷ് വായ്പയെടുത്തിരുന്നതായും തിരിച്ചടവ് മുടങ്ങിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക് അജീഷ് അടിമയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ലോൺ ആപ്പുകളെയാണ് ഇയാൾ ആശ്രയിച്ചിരുന്നത്. ലോണെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ സാമ്പത്തിക സമ്മർദവും വർധിച്ചു. ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനുമായി അജീഷ് പലതവണ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ഘട്ടത്തിന് ശേഷം മാതാപിതാക്കൾ പണം നൽകാൻ തയ്യാറാകാതിരുന്നത് അജീഷിന് അവരോട് വൈരാഗ്യമുണ്ടാകാൻ കാരണമായെന്നാണ് പോലീസ് കരുതുന്നത്. ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിച്ചതിലുള്ള ദേഷ്യവും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.

മാതാപിതാക്കളെ കൊലപ്പെടുത്താൻ അജീഷ് നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മാസങ്ങൾക്കുമുമ്പ് തന്നെ വാങ്ങി സൂക്ഷിച്ചിരുന്നതായാണ് വിവരം. നിലവിൽ റിമാൻഡിലുള്ള അജീഷ് പൂർണമായും സ്വബോധത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ബുധനാഴ്ച പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് നെടുങ്കണ്ടം പോലീസിന്റെ തീരുമാനം. അതേസമയം, കൊല്ലപ്പെട്ട ആൻറണിയുടെയും വത്സമ്മയുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

Related Articles

Back to top button