കൈതച്ചക്കയുമായി ഡൽഹിയിലേക്ക്… എക്സ്പ്രസ് ഹൈവേയിലെ അപകടത്തിൽ മലയാളി യുവാവിന്…

കോട്ടയം: മോനിപ്പള്ളി വാഴക്കുളത്തുനിന്ന് കൈതച്ചക്ക കയറ്റി ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രക്ക് മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി മലയാളി യുവാവ് മരിച്ചു. മോനിപ്പള്ളി ചീങ്കല്ലേൽ ആലുങ്കത്തടത്തിൽ സനീഷ് ജെ. നായർ (38) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന കുമരകം ചക്രംപടി വടക്കേച്ചിറ സണ്ണിയുടെ മകൻ സുഭാഷിന് (42) ഗുരുതരമായി പരുക്കേറ്റു.
മധ്യപ്രദേശ്-രാജസ്ഥാൻ അതിർത്തിയിൽ മന്ദ്സൗർ ഭാൻപുര ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്ക് എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ട്രെയിലർ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. അപകടം കണ്ടെത്തിയ നാട്ടുകാരും പിന്നീട് സ്ഥലത്തെത്തിയ മലയാളി അസോസിയേഷൻ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗുരുതരമായി പരുക്കേറ്റ സനീഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ സുഭാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരെയും നാളെ നാട്ടിലെത്തിക്കും. സനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷം ഇൻഡോറിൽനിന്ന് നാട്ടിലെത്തിക്കും. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ രാജസ്ഥാൻ പ്രതിനിധി സി.എസ്. ദിപുമോൻ, ലാൽ കെ. ഏബ്രഹാം, ടി.കെ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. വർഷങ്ങളായി കൈതച്ചക്ക ഉൾപ്പെടെയുള്ള ചരക്കുകളുമായി ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്നയാളായിരുന്നു സനീഷ്.



