ഓണത്തിന് പാട്ടുവച്ച് അടിച്ചു പൊളിച്ചാൽ നിയമക്കുരുക്കിൽ പെടാം; മുന്നറിയിപ്പുമായി പകർപ്പവകാശ ഏജൻസി

ഓണാഘോഷത്തിന് പാട്ടൊക്കെ വച്ച് അടിച്ചു പൊളിച്ചാൽ ഒരുപക്ഷേ നിങ്ങൾ നിയമക്കുരുക്കിൽ പെട്ടേക്കാം. പകർപ്പവകാശമുള്ള പാട്ടുകൾ പൊതുവിടത്തിൽ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണമാണ്, കൂട്ടം ചേർന്നുള്ള ആഘോഷത്തിലെ സംഗീതത്തിന് വിലങ്ങുതടിയാവുന്നത്. മ്യൂസിക് കമ്പനികൾ പകർപ്പവകാശ ലൈസൻസ് ലൈസൻസ് കൈകാര്യം ചെയ്യാൻ നിയോഗിച്ച ഏജൻസി ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
1957-ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ആഘോഷ പരിപാടികളിൽ പകർപ്പവകാശമുള്ള സംഗീതം പൊതുവായി കേൾപ്പിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബന്ധപ്പെട്ട പകർപ്പവകാശ ഉടമകളിൽ നിന്നോ അംഗീകൃത പ്രതിനിധികളിൽ നിന്നോ മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിപാടികളുടെ സംഘാടകർക്കോ വേദി നൽകുന്നവർക്കോ അറിയിപ്പു നൽകുന്നുണ്ടെന്ന്, മുബൈ ആസ്ഥാനമായ ഏജൻസിയായ നൊവാക്സ് കമ്യൂണിക്കേഷൻസിന്റെ കേരളത്തിലെ പ്രതിനിധി എം ഉണ്ണികൃഷ്ണൻ പറഞ്ഞു.
സാരേഗമ, യഷ് രാജ് ഫിലിംസ്, ടിപ്സ് മ്യൂസിക്, സീ മ്യൂസിക്, ഷെമാരൂ, വെൽവെറ്റ് വൈബ്സ്, ഹാപ്പി മ്യൂസിക്, റെഡ് റിബൺ തുടങ്ങിയ മ്യൂസിക് ലേബലുകളും, ദലേർ മെഹന്ദി, ഗുർദാസ് മാൻ, കുമാർ സാനു, മികാ സിങ് തുടങ്ങിയ കലാകാരന്മാരും സംഗീത സൃഷ്ടികളുടെ പബ്ലിക് പെർഫോമൻസ് അവകാശങ്ങൾ കൈകാര്യം ചെയ്യാനും ആവശ്യമായ അനുമതിപത്രങ്ങൾ നൽകാനും നൊവെക്സ് കമ്മ്യൂണിക്കേഷൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓണാഘോഷങ്ങളിൽ ഇവരുടെ റെക്കോർഡ് ചെയ്ത പാട്ടുകൾ വെയ്ക്കുകയോ, ഡിജെ പരിപാടികൾ നടത്തുകയോ, പകർപ്പവകാശമുള്ള ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് പെർഫോമൻസുകളോ നൃത്തങ്ങളോ ഉണ്ടെങ്കിൽ നിശ്ചിത ലൈസൻസ് ഫീസ് അടച്ച് നൊവെക്സിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ കൈപ്പറ്റണമെന്ന് അറിയിപ്പിൽ പറയുന്നു.




