വി ശിവൻകുട്ടിയുടെ മുൻ ഗൺമാനെ സസ്‌പെൻഡ് ചെയ്തു

മുൻ മന്ത്രി വി ശിവൻകുട്ടിയുടെ മുൻ ഗൺമാനെ സസ്‌പെന്റ് ചെയ്തു. ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് പ്രജീഷ് എസ് നായരെ സസ്‌പെന്റ് ചെയ്തത്. നിലവിൽ ആംഡ് പോലീസ് ബറ്റാലിയനിൽ ജോലി നോക്കി വരികയായിരുന്നു പ്രജീഷ്. മോശം അനുഭവം പെൺകുട്ടി മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവർത്തി ഉണ്ടായെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നെടുമങ്ങാട് സ്വദേശിയായ യുവതി ഇയാൾക്കെതിരെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നീട് വീഡിയോ പിൻവലിക്കുകയും ചെയ്തു.
വിഷയം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഒരു ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് പ്രജീഷിനെ സസ്‌പെൻഡ് ചെയ്തത്. സേനയുടെ അന്തസിന് നിരക്കാത്ത തരത്തിലുള്ള ഗുരുതരമായ പെരുമാറ്റദൂഷ്യമുണ്ടായെന്ന് ബോധ്യപ്പെട്ടുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഗുരുതരമായ പെരുമാറ്റ ലംഘനം ഉണ്ടായെന്നും ഉത്തരവിൽ പറയുന്നു.




