രാജ്യത്തുടനീളം പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ പണിമുടക്കി

രാജ്യത്തുടനീളം പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ പണിമുടക്കി. സെർവർ തകരാറാണ് കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഒരാൾക്ക് പോലും സേവനം നൽകാൻ കഴിഞ്ഞിട്ടില്ല. നൂറുകണക്കിനാളുകളാണ് മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്നത്. ഫീസ് അടച്ച് കൃത്യമായ സമയത്ത് സ്ലോട്ട് ബുക്ക് ചെയ്ത് എത്തിയവരാണ് ഇപ്പോൾ മടങ്ങി പോകേണ്ട ദുരവസ്ഥയിലായിരിക്കുന്നത്. പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ പ്രത്യേക സോഫ്റ്റ്വെയറിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കാത്തതാണ് പ്രധാന തടസ്സം. എറണാകുളം ആലുവയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ മാത്രം പ്രതിദിനം 600 പേർക്കാണ് സേവനം നൽകുന്നത്. ഇതൊരു ദേശീയതലത്തിലുള്ള പ്രശ്നമാണെന്നും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് അധികൃതർ പറയുന്നത്. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ ടാറ്റാ കൺസൾട്ടൻസിയുടെ ജീവനക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുമുണ്ട്. തകരാർ പരിഹരിക്കാൻ അവർക്കും സാധിച്ചിട്ടില്ല.




