‘ഞാൻ കൊല്ലപ്പെട്ടേനേ…’; ബംഗാളിൽ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം….

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം. ഞായറാഴ്ച നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ കല്ലുകളും ഇഷ്ടികകളും കൊണ്ട് തന്റെ കാർ ആക്രമിച്ചെന്നും താൻ കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നും മമത ബാനർജി പറഞ്ഞു. അതേസമയം, സംഭവത്തെ അപലപിച്ച ബിജെപി, ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കി.
പൊലീസ് കസ്റ്റഡിയിൽ മരിച്ച ഒരു പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഹാലിസഹറിൽവെച്ച് മമതാ ബാനർജിയുടെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. മമതയുടെ വാഹനം തടഞ്ഞുനിർത്തിയ ഒരുകൂട്ടം ആളുകൾ വാഹനം വളയുകയായിരുന്നു. പൊലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കാറിന് നേരേ ചെളിയും ചെരിപ്പുകളും വെള്ളക്കുപ്പികളും ഇവർ വലിച്ചെറിഞ്ഞു. ഇതിനിടെ കള്ളന്മാരെ തുരത്തൂ എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ മുഴക്കി. തുടർന്ന് പൊലീസ് സുരക്ഷയൊരുക്കി പ്രതിഷേധക്കാരെ നീക്കിയതോടെയാണ് മമതാ ബാനർജിയുടെ വാഹനത്തിന് മുന്നോട്ടുപോകാനായത്.



