രക്ഷാപ്രവർത്തകനായ രാജേഷിന്റെ മൃതദേഹം… റിപ്പോർട്ട് തേടി…

കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മീന്തുള്ളി വാട്ടർഫാൾസ് പരിശീലകൻ രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ രീതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ റിപ്പോർട്ട് തേടി കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം). പയ്യന്നൂർ തഹസിൽദാരോടും പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും സംഭവത്തിൽ വിശദീകരണം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് രാജേഷിന്റെ മൃതദേഹം കണ്ണൂരിൽ നിന്ന് കൊണ്ടുപോയതെന്ന പരാതിയുടെ സാഹചര്യത്തിലാണ് നടപടി. ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും. സംഭവത്തിൽ വീഴ്ച ഉണ്ടായതായി ജില്ലാ കളക്ടറും പ്രതികരിച്ചു. ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ഒരുക്കാൻ നിർദേശം നൽകിയിരുന്നുവെന്നും, അതിന് സാമ്പത്തിക തടസ്സമൊന്നും ഉണ്ടായിരുന്നില്ലെന്നും കളക്ടർ വ്യക്തമാക്കി. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിത്തുടങ്ങിയ സാഹചര്യത്തിലും ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം.
എന്നാൽ പിന്നീട് ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് മൃതദേഹം കൊണ്ടുപോയത്. യാത്രയ്ക്കിടെ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റി തുടർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മീന്തുള്ളി വാട്ടർഫാൾസിൽ തുരുത്തിൽ കുടുങ്ങിയ ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. സ്വന്തം ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി സുരക്ഷിതനാക്കിയ ശേഷം നീന്തി മടങ്ങുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട രാജേഷ് മരണപ്പെടുകയായിരുന്നു. ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.



