കോട്ടയം മണർകാട് ബൈക്ക് ബസിനടിയിപ്പെട്ട് അപകടം; യുവതി മരിച്ചു, സഹോദരന്..

കോട്ടയത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. മണർകാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ വളവിലായിരുന്നു സംഭവം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സഹോദരന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീദേവിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് വിവരം.
പരിക്കേറ്റ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അയർക്കുന്നത്തുനിന്ന് മണർകാട് കവലയിലേക്ക് ബൈക്കിൽ വരുന്നതിനിടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിൽ നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിയുകയായിരുന്നു. ഇതോടെ റോഡിലേക്ക് വീണ ശ്രീദേവി, കോട്ടയത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു.
അപകടവിവരം അറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം വ്യക്തമാക്കാൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




