എം.എം. മണിയുടെ സഹോദരന്റെ സിപ് ലൈൻ പൂട്ടിച്ചു.. കാരണം..

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ദിവസത്തെ നിരോധന ഉത്തരവുകൾ ലംഘിച്ച് പ്രവർത്തിച്ച ഇടുക്കി അടിമാലിയിലെ സിപ് ലൈൻ ജില്ലാ ഭരണകൂടം പൂട്ടിച്ചു. മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരന്റെ ഉടമസ്ഥതയിലുള്ള ഇരുട്ടുകാനത്തെ സിപ് ലൈനെതിരെയാണ് കർശന നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ സിപ് ലൈൻ ഉടമയായി രേഖകളിൽ ഉള്ള ലംബോദരന്റെ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാന രീതിയിൽ നിരോധന ഉത്തരവുകൾ ലംഘിച്ച് ഈ സിപ് ലൈൻ പ്രവർത്തിപ്പിച്ചിരുന്നതായി പരാതിയുണ്ട്.
ദുരന്ത നിവാരണ നിയമം ലംഘിച്ചതിനാണ് നടപടിയെന്ന് ഉത്തരവിലുണ്ട്. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സിപ് ലൈൻ പ്രവർത്തിപ്പിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഓഗസ്റ്റ് മൂന്നിനാണ് സിപ് ലൈൻ പ്രവർത്തിപ്പിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എംഎം ലംബോദരന്റെ ഭാര്യയുടെ പേരിലുള്ള സിപ് ലൈൻ പ്രവർത്തിപ്പിക്കരുതെന്നാണ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിരിക്കുന്ന ഉത്തരവിലെ നിർദേശം.
സർക്കാർ മാറിയ സാഹചര്യത്തിലാണ് നടപടി ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിരോധനം പ്രഖ്യാപിച്ചിരുന്ന ദിവസങ്ങളിലെല്ലാം സിപ് ലൈൻ പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. തുടർനടപടികൾ പൂർത്തീകരിച്ച ശേഷം മാത്രമേ ഇരുട്ടുകാനത്തെ റോഡരികിൽ പ്രവർത്തിക്കുന്ന സിപ് ലൈൻ പ്രവർത്തിപ്പിക്കുകയുള്ളു എന്നാണ് ഉത്തരവിൽ പറയുന്നത്.




