തോട്ടപ്പള്ളി സ്പിൽവേയിൽ ഗുരുതര വീഴ്ച… കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്….

തോട്ടപ്പള്ളി സ്പിൽവേയിലെ മണൽത്തിട്ടകൾ നീക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാകുന്നു. 39 ഷട്ടറുകൾ തുറന്ന് 365 മീറ്റർ വീതിയിൽ വെള്ളം ഒഴുക്കാൻ കഴിയുന്ന സ്പിൽവേയിൽ, മണൽ നീക്കം ചെയ്തത് വെറും 100 മീറ്റർ ഭാഗത്ത് മാത്രമാണെന്നാണ് വിവരം. ഇതോടെ ഷട്ടറുകൾക്ക് സമീപം മാലിന്യം അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. സ്പിൽവേയിലെ മണൽ നീക്കേണ്ട ഉത്തരവാദിത്തം ജലസേചന വകുപ്പിനായിരുന്നുവെന്നും, ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിച്ചതെന്നുമാണ് ആരോപണം.
2022-ൽ ചെന്നൈ ഐഐടി കുട്ടനാട്ടിൽ നടത്തിയ പഠനത്തിൽ അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽത്തിട്ടകൾ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമാണെന്ന് കണ്ടെത്തിയിരുന്നു. എല്ലാ മഴക്കാലത്തിനും മുമ്പ് മണൽത്തിട്ടകൾ നീക്കണമെന്ന ശുപാർശയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. എന്നാൽ ഇത്തവണ ആ നിർദേശം നടപ്പാക്കിയില്ലെന്ന വിമർശനമാണ് ഉയരുന്നത്. ഇതിനിടെ, വാർത്തകൾക്ക് പിന്നാലെ ജലസേചന വകുപ്പ് അടിയന്തര ഇടപെടൽ ആരംഭിച്ചു. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്ന ജോലികൾ ആരംഭിച്ചതോടൊപ്പം സ്പിൽവേയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും നടപടി തുടങ്ങി. സ്പിൽവേയ്ക്ക് സമാന്തരമായി നിർമ്മിച്ച താൽക്കാലിക പാലം പൊളിച്ചുനീക്കാനും തീരുമാനമായി. പാലത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. പാലം നീക്കുന്നതോടെ കുട്ടനാട്ടിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കടലിലേക്ക് സുഗമമായി ഒഴുകിപ്പോകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.



