കുടുംബപ്രശ്നം കാരണം ആത്മഹത്യാ ഭീഷണി; റാന്നി വലിയ പാലത്തിനു മുകളിൽ കയറി യുവാവ്..പോലീസെത്തിയപ്പോൾ..

കുടുംബപ്രശ്നങ്ങളെ തുടർന്ന് പമ്പയാറ്റിലേക്ക് ചാടി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പാലത്തിന്റെ കൈവരിയിൽ കയറിയിരുന്ന യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ഇടമുറി വലിയപന്തൽ സ്വദേശിയാണ് തിങ്കളാഴ്ച റാന്നി വലിയ പാലത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. പാലത്തിന്റെ കൈവരിയിൽ യുവാവ് ഇരിക്കുന്നത് കണ്ട് യാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഉടൻതന്നെ റാന്നി പോലീസ് സ്ഥലത്തെത്തി. ആറ്റിൽ വെള്ളം ഉയർന്നുനിന്നിരുന്നതിനാൽ സാഹചര്യം അതീവ ഗുരുതരമായിരുന്നു.

പോലീസ് അടുത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ പുഴയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റ് ഉദ്യോഗസ്ഥർ സംസാരിച്ച് ശ്രദ്ധ തിരിച്ചു. തന്നെ പിടിക്കാൻ ശ്രമിക്കുന്നവരെയും വലിച്ചുകൊണ്ട് വെള്ളത്തിൽ ചാടും എന്നും യുവാവ് പറഞ്ഞു.

അനുനയനീക്കം തുടരുന്നതിനിടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പിൻഭാഗത്തുകൂടി എത്തി പെട്ടെന്ന് യുവാവിനെ സുരക്ഷിതമായി വലിച്ചു മാറ്റുകയായിരുന്നു. പോലീസിന്റെ കൃത്യസമയത്തെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. റാന്നി റാന്നി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ കണ്ണൻ, ലിജു എൽ.ടി., കലേഷ് കുമാർ എന്നിവരാണ് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.

Related Articles

Back to top button