എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കത്ത് നൽകി സംസ്ഥാന സർക്കാർ

സെക്രട്ടറിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനോട് സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനു നൽകിയ കത്തിലാണ് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദീൻ ഒപ്പുവച്ച ഔദ്യോഗിക കത്ത് മുതിർന്ന ഉദ്യോഗസ്ഥർ സമരപ്പന്തലിൽ എത്തി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് കൈമാറി. പ്രതിഷേധക്കാർ ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ പരിഹാര നടപടികൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും, എന്നാൽ അതിന് രണ്ടുമാസം കൂടി സാവകാശം നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള അധ്യാപക നിയമനം ആവാശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ച തുടരുമെന്ന് മുഖ്യമന്ത്രി വിഡിസതീശൻ ഇന്നലെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ന് സമരക്കാർക്ക് വിദ്യാഭ്യാസ മന്ത്രി കത്ത് കൈമാറിയിരുന്നത്. എന്നാൽ ആറുതവണ മന്ത്രിയെ കണ്ടപ്പോൾ ഉണ്ടായ അതേ കാര്യമാണ് ഇന്നും ആവർത്തിക്കുന്നത്. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ രണ്ട് മാസത്തെ സമയം വേണമെന്നാണ് സർക്കാർ നിലപാട്. സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കാൻ തീരുമാനിച്ചാൽ അത് എയ്ഡഡ് സ്‌കൂളുകളിലും നടപ്പാക്കേണ്ടിവരും. ഇതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയെന്നു തിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ നിയമനം നൽകാത്തതിൽ പ്രതിഷേധമറിയിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. അഞ്ച് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാനായിട്ടില്ല. സമരം ആരംഭിച്ചിട്ട് ഒരു മാസമത്തോടടുക്കുമ്പോഴും സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് വിവരം. അധ്യാപിക വിദ്യാർഥി അനുപാതം 1:25 ആക്കിയാൽ കുറച്ച് ഉദ്യോഗാർത്ഥികൾക്ക് എങ്കിലും ജോലി ലഭിക്കും.



