മഴ മുന്നറിയിപ്പിൽ മാറ്റം….. 10 ജില്ലകളിൽ….

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കേരളത്തിലെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
അതേസമയം, നാളത്തേക്കുള്ള മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇതിൽ പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, മലനിരകൾ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.



