റെയിൽവേ യാത്രക്കാരാണോ?… ഇനി ക്യൂ വേണ്ട, ക്ലിക്ക് മതി…

റെയിൽവേ സ്റ്റേഷനുകളിൽ ക്യൂവിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് ഇനി അധിക ലഗേജുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായുള്ള പുതിയ ഓൺലൈൻ സംവിധാനത്തിന് ഇന്ത്യൻ റെയിൽവേ തുടക്കമിട്ടു. https://parcel.indianrail.gov.in/ എന്ന വെബ്സൈറ്റ് വഴി നാളെ മുതൽ അധിക ലഗേജ് ബുക്ക് ചെയ്യാം. യാത്രയുടെ വിവരങ്ങൾ, പുറപ്പെടുന്ന സ്റ്റേഷൻ, ലക്ഷ്യസ്ഥാനം, ട്രെയിൻ നമ്പർ എന്നിവ നൽകി ലഗേജിന്റെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ചരക്കുകൂലി അറിയാൻ സാധിക്കും.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത ശേഷം യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാർസൽ ഓഫീസിൽ ലഗേജ് എത്തിച്ച് ഭാരം തിട്ടപ്പെടുത്തി തുക ഉറപ്പാക്കണം. തുക അടച്ചുകഴിഞ്ഞാൽ ലഭിക്കുന്ന രസീത് ലക്ഷ്യസ്ഥാനത്ത് ലഗേജ് കൈപ്പറ്റാൻ ആവശ്യമാണ്. യാത്രക്കാർക്ക് തങ്ങളുടെ ലഗേജ് എവിടെയെത്തിയെന്ന് ‘Track & Trace’ സേവനം വഴി തത്സമയം നിരീക്ഷിക്കാനും കഴിയും. ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ എസ്എംഎസ് അറിയിപ്പും ലഭിക്കും. റെയിൽവേ വിവിധ ക്ലാസുകളിലെ ലഗേജ് പരിധികളും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്കൻഡ് ക്ലാസ് (ജനറൽ) യാത്രക്കാർക്ക് 35 കിലോഗ്രാം വരെ സൗജന്യമായും 70 കിലോഗ്രാം വരെ ചരക്കുകൂലി നൽകിയും കൊണ്ടുപോകാം. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാം വരെ സൗജന്യമായും 80 കിലോഗ്രാം വരെ അധിക തുക നൽകിയും ലഗേജ് അനുവദിക്കും.
എസി 3-ടയർ, എസി ചെയർ കാർ യാത്രക്കാർക്ക് 40 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. ഇതേ പരിധി വരെ അധിക തുക നൽകി ലഗേജ് ബുക്ക് ചെയ്യാനുമാകും. എന്നാൽ മറ്റ് എസി കോച്ചുകളിൽ അധിക ലഗേജ് അനുവദനീയമല്ല. ഫസ്റ്റ് ക്ലാസ് എസി യാത്രക്കാർക്ക് 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാനാകും. പരമാവധി 150 കിലോഗ്രാം വരെ ചരക്കുകൂലി നൽകി ലഗേജ് കൊണ്ടുപോകാൻ റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.



