സർക്കാരിന് തിരിച്ചടി… പോലീസ് സംഘടനാ പുനഃസംഘടനയ്ക്ക്….

കൊച്ചി: സംസ്ഥാനത്തെ പോലീസ് സംഘടനകളുടെ പുനഃസംഘടന ഹൈക്കോടതി സ്റ്റേ ചെയ്തു. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുനഃസംഘടനാ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ പുനഃസംഘടനാ നടപടി നടപ്പാക്കരുതെന്നും, ഇതിനായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കും പ്രവർത്തിക്കാൻ അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.
പുനഃസംഘടന നടത്താൻ ആവശ്യമായ വ്യക്തമായ കാരണങ്ങൾ സർക്കാർ ഉത്തരവിൽ പ്രഥമദൃഷ്ട്യാ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതികൾ പിരിച്ചുവിട്ട്, പകരം പോലീസ് അസോസിയേഷനും സീനിയർ പോലീസ് ഓഫിസേഴ്സ് അസോസിയേഷനും മാത്രമാകുമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതോടെ കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ.) ഇല്ലാതാകുന്ന സാഹചര്യമുണ്ടായിരുന്നു.
സെപ്റ്റംബർ 30-നകം പുതിയ ഭരണസമിതി രൂപീകരിക്കുമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഇടക്കാല പ്രവർത്തനത്തിനായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ആ കമ്മിറ്റിയുടെ പ്രവർത്തനവും താൽക്കാലികമായി നിലച്ചിരിക്കുകയാണ്. അഡ്ഹോക് കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിയിലെ അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നുമുള്ള ആരോപണങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. കേസിൽ ഹൈക്കോടതിയുടെ തുടർപരിഗണന നിർണായകമാകും.



