നവജാത ശിശു വിൽപ്പന അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്….

കോട്ടയം: നവജാത ശിശുക്കളെ വിൽക്കുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ കോട്ടയം പൊലീസ് രണ്ടാം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഫെബ്രുവരിയിൽ തൊടുപുഴയിൽ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ച കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന പരാതിയിലാണ് പുതിയ കേസ്. അസം സ്വദേശിയായ 22-കാരി നൽകിയ പരാതിയുടെ അന്വേഷണത്തിനിടെയാണ് മറ്റ് രണ്ട് യുവതിമാരുടെ നവജാത ശിശുക്കളെയും വിൽപ്പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിൽ ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് കോട്ടയം പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് തൊടുപുഴ പൊലീസിന് കൈമാറിയത്.
തൊടുപുഴ സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ യുവതി പ്രസവിച്ചത്. ഈരാറ്റുപേട്ട കേസിലെ പ്രതിയായ തിരുനെൽവേലി സ്വദേശി രാജനെയും മറ്റ് നാല് പേരെയും പ്രതിചേർത്താണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ കേരളത്തിനുള്ളിൽ തന്നെയാണ് വിൽപ്പന നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിലും ഇടനിലക്കാരിയായി പ്രവർത്തിച്ചതായി സംശയിക്കുന്നത് കൊല്ലം സ്വദേശിയായ അനീനയെയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തുകയും പ്രസവസഹായം വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിക്കുകയുമായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവുമായി വേർപിരിഞ്ഞിരുന്ന അസം സ്വദേശിയായ യുവതി പ്രസവസഹായം അഭ്യർഥിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്നാണ് പ്രതികൾ ഇവരെ സമീപിച്ചത്. എന്നാൽ കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തെക്കുറിച്ച് യുവതിക്ക് അറിവില്ലായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഏഴ് മാസം ഗർഭിണിയായിരിക്കെ പ്രതികളുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. കേസിൽ തിരുനെൽവേലി സ്വദേശി രാജനും വാഗമൺ സ്വദേശി അർജുനും നിലവിൽ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, രണ്ടാമത്തെ കേസിൽ അർജുന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഈരാറ്റുപേട്ട കേസ് ഉൾപ്പെടെ മൂന്ന് കേസുകളാണ് അന്വേഷണ പരിധിയിലുള്ളത്.



