ബിരിയാണി വിളമ്പാൻ ഫണ്ടില്ല ; സ്കൂളുകളിൽ വീണ്ടും ചോറും കറിയും

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്കൂൾ ഉച്ചഭക്ഷണപ്പട്ടികയിൽ ഇടംപിടിച്ച ബിരിയാണി വിളമ്പാൻ ഫണ്ടില്ലാതെ സർക്കാർ. മെനു പരിഷ്കരിച്ചെങ്കിലും പണം മാറ്റിവെക്കാതിരുന്നതാണ് പ്രതിസന്ധിയായത്. ഫ്രൈഡ് റൈസും ബിരിയാണിയും മുട്ടയും ഉൾപ്പെടുത്തിയാണ് കഴിഞ്ഞ അധ്യയന വർഷം മെനു പരിഷ്കരിച്ചത്. പണം അനുവദിക്കാത്തതിനാൽ പരിഷ്കരണം മിക്ക സ്കൂളിലും നടപ്പായില്ല. ഏതുഭക്ഷണം നൽകാമെന്ന് സ്കൂളിലെ ഉച്ചഭക്ഷണക്കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. വെജിറ്റബിൾ ബിരിയാണി, മുട്ടക്കറി, തേങ്ങാച്ചോറ്, കാരറ്റ് ചോറ്, എന്നിവ ഇതിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല.

നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് ചോറും രണ്ടുകറിയും മാത്രമേ നൽകാനാവൂ. ആഴ്ചയിലൊരിക്കലായിരുന്നു ബിരിയാണി നൽകിയിരുന്നത്. സാമ്പത്തികപ്രതിസന്ധികാരണം അത് മാസത്തിലൊരിക്കലാകാനാണ് സാധ്യത. അഞ്ചാംക്ലാസുവരെയുള്ള കുട്ടികൾക്ക് ദിവസം 6.19 രൂപയും ആറുമുതൽ എട്ടുവരെയുള്ളവർക്ക് 9.29 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റംകാരണം ഈ തുകയ്ക്ക് ചോറും കറിയുംപോലും നൽകാനാകാത്ത അവസ്ഥയാണ്. ഒാരോ സ്കൂളിലെയും ഉച്ചഭക്ഷണസമിതികളാണ് വിഭവസമാഹരണം നടത്തി മെച്ചപ്പെട്ട ഭക്ഷണം നൽകുന്നത്. പൂർവവിദ്യാർഥികളിൽനിന്നും സ്വകാര്യസ്ഥാപനങ്ങളിൽനിന്നും പിരിവെടുത്താണ് മിക്കയിടത്തും ഭക്ഷണം നൽകുന്നത്.

Related Articles

Back to top button