കോട്ടയത്ത് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ മറിച്ചുവിൽപ്പന…

കോട്ടയം: കോട്ടയത്ത് നവജാത ശിശുക്കളെ അനധികൃതമായി കടത്തുകയും മറിച്ചുവിൽക്കുകയും ചെയ്യുന്ന സംഘമുണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട–തീക്കോയി മേഖല കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അസം സ്വദേശിയായ 22 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ അനധികൃതമായി മറ്റുള്ളവർക്ക് കൈമാറുന്ന ശൃംഖല പ്രവർത്തിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയിയിലേക്ക് എത്തിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പരാതിയിൽ പരാമർശിച്ച ശിശു കടത്ത് ശൃംഖലയെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ആളുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പരാതിയിലെ ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിച്ചുവരുന്നതെന്നും, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.



