റേഷൻ ഇനി എ.ടി.എമ്മിലൂടെ… ഒഡീഷ മാതൃകയിൽ കേരളത്തിലും ‘ഗ്രെയിൻ എ.ടി.എം’

തിരുവനന്തപുരം: അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ എ.ടി.എം മാതൃകയിലുള്ള വിതരണ യന്ത്രങ്ങളിലൂടെ ലഭ്യമാക്കുന്ന പദ്ധതി കേരളം പരിഗണിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചു. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുന്നത്. ഭുവനേശ്വറിൽ പ്രവർത്തിക്കുന്ന 24 മണിക്കൂറും സേവനം നൽകുന്ന ധാന്യവിതരണ യന്ത്രത്തിന്റെ മാതൃകയാണ് പഠിക്കുന്നത്.
പദ്ധതി നടപ്പാക്കിയാൽ ഉപഭോക്താക്കൾക്ക് ധാന്യവിതരണ യന്ത്രത്തിൽ ആധാർ, റേഷൻ കാർഡ് വിവരങ്ങൾ നൽകണം. തുടർന്ന് ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പരിശോധിച്ച ശേഷം ധാന്യം ശേഖരിക്കാനാകും. അഞ്ച് മിനിറ്റിനുള്ളിൽ ഉപഭോക്താവിന് ആവശ്യമായ ധാന്യം ലഭിക്കുന്ന രീതിയിലാണ് നിലവിലുള്ള യന്ത്രങ്ങളുടെ പ്രവർത്തനം. പദ്ധതിയുടെ പ്രായോഗിക സാധ്യതകൾ സംബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പ് വിശദമായ പഠനം നടത്തും. രാജ്യത്തെ ഏത് ഭാഗത്തുനിന്നും റേഷൻ വാങ്ങാൻ കഴിയുന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ പരിഗണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഒഡീഷയിൽ ആദ്യ ധാന്യ എ.ടി.എം സ്ഥാപിച്ചത്.
അതേസമയം, പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇത് നിലവിലുള്ള റേഷൻ കടയുടമകളെ ബാധിക്കില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അറിയിച്ചു. റേഷൻ വിതരണ സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.



