സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത… മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഉയർന്ന ആവശ്യകതയെ തുടർന്ന് വൈദ്യുതി വിതരണത്തിൽ സമ്മർദം അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈകുന്നേരത്തെ ഉയർന്ന ഉപഭോഗ സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് അറിയിച്ചത്. അനാവശ്യ വൈദ്യുതി ഉപയോഗം പരമാവധി ഒഴിവാക്കി പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. സാഹചര്യം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുക.



