വൻ ആരോഗ്യ പ്രഖ്യാപനങ്ങളുമായി മന്ത്രി

കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ, കോട്ടയം ജില്ലയിലെ വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറിയുടെ 700 ഏക്കർ ഭൂമിയും പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കായകൽപ്പം ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കവെയാണ് ജില്ലയിലെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചത്.
സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ജനപ്രതിനിധികൾ നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകൽപ്പം. ഈ പരിപാടിയുടെ ഭാഗമായി വൈക്കം എം.എൽ.എ കെ. ബിനിമോൻ വെള്ളൂരിൽ ലഭ്യമായ 700 ഏക്കർ ഭൂമിയെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിന്റെ കൈവശമുള്ള സ്ഥലവും എയിംസിനായി പരിഗണിക്കാമെന്നും, സംസ്ഥാനത്തിന് എയിംസ് ലഭിക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ ചികിത്സയ്ക്കായി മെഡിക്കൽ ലീനിയർ ആക്സിലറേറ്റർ അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പാമ്പാടി താലൂക്ക് ആശുപത്രിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകുകയും ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യും.
ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലോടെ പൂർത്തിയാക്കും. വൈക്കം താലൂക്ക് ആശുപത്രിയിലെ 95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പേ വാർഡും സജ്ജമാക്കും.
സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി മണിമല കുടുംബാരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം, കല്ലം എന്നിവിടങ്ങളിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പാക്കുമെന്നും, സമയപരിധി പാലിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥലമൊരുക്കിയാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ച് പുതുപ്പള്ളി പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജറി സംവിധാനം ആരംഭിക്കാനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ഏകദേശം 17 കോടി രൂപ ചെലവിൽ ഈ സംവിധാനം ഒരുക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ സാങ്കേതിക പഠനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.



