400-ഓളം പേർക്ക് സ്ഥലംമാറ്റം… മന്ത്രിയുടെ രഹസ്യക്കുറിപ്പ് ചോർന്നു…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ.എം. ഷാജി നൽകിയ കുറിപ്പ് പുറത്തുവന്നത് വൻ വിവാദമാകുന്നു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് മന്ത്രി ഔദ്യോഗിക ലെറ്റർ പാഡിൽ നൽകിയ കുറിപ്പാണ് ചോർന്നത്. നാല്പതോളം വരുന്ന അസിസ്റ്റന്റ് ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരുടെയും നാല്പതോളം സെക്രട്ടറിമാരുടെയും ഉൾപ്പെടെ നാന്നൂറോളം പേരുടെ സ്ഥലംമാറ്റത്തിനാണ് നീക്കം നടക്കുന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മന്ത്രി ഡയറക്ടർക്ക് കുറിപ്പ് നൽകിയത്. ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് മന്ത്രി രഹസ്യമായി കൈമാറിയ ഈ കുറിപ്പ് പുറത്തുവന്നത്.

മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈൻ വഴി നടത്തേണ്ട പൊതുസ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് രൂക്ഷമായ ആക്ഷേപം ഉയർന്നു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 2026-ലെ പൊതുസ്ഥലംമാറ്റത്തിനായി ഓൺലൈൻ വഴി തദ്ദേശ വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിലും പിന്നീട് തുടർനടപടികളൊന്നും ഉണ്ടായിരുന്നില്ല. കൃത്യമായ പട്ടിക തയ്യാറാക്കി, ആക്ഷേപങ്ങളും പരാതികളും പരിശോധിച്ച് സീനിയോറിറ്റി മാത്രം കണക്കിലെടുത്താണ് പൊതുവേ സ്ഥലംമാറ്റം നടപ്പിലാക്കേണ്ടത്. എന്നാൽ, കഴിഞ്ഞ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളും സെൻസസ് നടപടികളും കാരണം പൊതുസ്ഥലംമാറ്റം നടത്താൻ സാധിച്ചില്ലെന്ന് മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. കൂടാതെ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ നേരിട്ടും രേഖാമൂലവും ഭരണസമിതി തീരുമാനപ്രകാരവും സ്ഥലംമാറ്റത്തിന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button