മറ്റപ്പള്ളി കൂട്ട ആത്മഹത്യയിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്…

കോട്ടയം: വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ നാലംഗ കുടുംബം മരിച്ച സംഭവത്തിൽ മരണകാരണത്തെക്കുറിച്ചു ജില്ലാ പോലീസ് അന്വേഷണം തുടങ്ങി. ചാണ്ടി ഉമ്മൻ എംഎൽഎയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പരാതി ലഭിച്ചതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
കഴിഞ്ഞ 13-നു രാത്രി 7-നാണ് ഇവരെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെ ജോസ്നയും മകൾ മരിയയും ശനിയാഴ്ചയും, തോമസ് ഞായറാഴ്ചയും, മകൻ അലൻ ചൊവ്വാഴ്ചയും മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ ഒരാളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് കുടുംബം ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന. അതേസമയം, സംഭവത്തിലെ ദുരൂഹത മുഴുവൻ പുറത്തുകൊണ്ടുവരണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും, പരാതി എഡിജിപിക്കു കൈമാറിയെന്ന് വിവരം ലഭിച്ചതായും എംഎൽഎ അറിയിച്ചു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ക്രൈംബ്രാഞ്ചോ കേസ് അന്വേഷിക്കണം. ആത്മഹത്യയ്ക്ക് സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കാരണമായിട്ടുണ്ടെന്ന് സംസാരമുള്ളതിനാൽ വിഷയം സഹകരണവകുപ്പിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ ആവശ്യപ്പെട്ടു.



