കായംകുളം നഗരസഭയിൽ ചേരിപ്പോര്… എൽ.ഡി.എഫ് – യു.ഡി.എഫ് കയ്യാങ്കളി

ആലപ്പുഴ: കായംകുളം നഗരസഭയിൽ എൽ.ഡി.എഫ് – യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ രൂക്ഷമായ കയ്യാങ്കളി. നഗരസഭയുടെ രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി മറ്റൊരു വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് തർക്കത്തിലും ഒടുവിൽ കൈയാങ്കളിയിലും കലാശിച്ചത്. സംഭവത്തെ തുടർന്ന് പരിക്കേറ്റെന്ന പരാതിയുമായി നാല് യു.ഡി.എഫ് കൗൺസിലർമാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ ബലമായി തള്ളി താഴെയിട്ടതായി യു.ഡി.എഫ് പ്രതിനിധികൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം പൂർണ്ണമായും തള്ളിക്കളഞ്ഞ എൽ.ഡി.എഫ് കൗൺസിലർമാർ, യു.ഡി.എഫ് അംഗങ്ങൾ തന്നെയാണ് ചെയർമാനെ തള്ളി താഴെയിട്ടതെന്ന് തിരിച്ചും ആരോപിച്ചു. അങ്കണവാടിയുടെ സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ആരംഭിച്ച തർക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.



