ഉൾവനത്തിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരണം… പ്രമുഖ വ്ലോഗർക്കും സംഘത്തിനുമെതിരെ….

നിലമ്പൂർ: വനത്തിനുള്ളിൽ അതിക്രമിച്ചു കടന്ന് റീൽസ് ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ വ്ലോഗർക്കും സംഘത്തിനുമെതിരെ കേസെടുത്ത് വനംവകുപ്പ്. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി. ഷബാബ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ സ്റ്റേഷൻ പരിധിയിൽപെട്ട ഓടക്കയം കൂരംകല്ല് ഭാഗത്തുള്ള ഉൾവനത്തിലായിരുന്നു സംഘം ജൂലൈ 11-ന് റീൽസ് ചിത്രീകരിച്ചത്.
വെള്ളച്ചാട്ടമുള്ള ഈ വനമേഖലയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് സംഘം സമൂഹമാധ്യമങ്ങളിൽ റീൽസ് പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ഇവിടേക്ക് എത്താൻ തുടങ്ങിയത്. ഇതോടെ പ്രദേശത്ത് മാലിന്യപ്രശ്നം രൂക്ഷമാവുകയും വനത്തിന്റെ സ്വഭാവിക അന്തരീക്ഷത്തിന് തടസ്സം നേരിടുകയും ചെയ്തു. തുടർന്നാണ് വനംവകുപ്പ് കർശന നടപടിയിലേക്ക് കടന്നത്. സംഭവത്തിൽ ജൂലൈ 14-നാണ് കൊടുമ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. വനസംരക്ഷണ നിയമപ്രകാരം വനത്തിൽ അതിക്രമിച്ചു കടന്നതിന് 6 മാസം മുതൽ 3 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി. ധനേഷ് കുമാറിനു മുന്നിൽ ഹാജരാക്കി പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു. റേഞ്ച് ഓഫീസർ എം. എൻ ഷംനാസിന്റെ മേൽനോട്ടത്തിൽ എസ്.എഫ്.ഒ സി. ദിജിലും സംഘവുമാണ് കേസിലെ തുടർ അന്വേഷണം നടത്തുന്നത്.




