രാത്രിയിൽ പൂർണ്ണനഗ്നനായെത്തി വീടുകളിൽ കോളിങ് ബെല്ലടി…

താമരശ്ശേരി: രാത്രികാലങ്ങളിൽ പൂർണ്ണനഗ്നനായി വീടുകൾക്ക് മുന്നിലെത്തി കോളിങ് ബെല്ലടിച്ച് ഭീതി പടർത്തി അജ്ഞാതൻ. താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻവശത്തുള്ള വെഴുപ്പൂർ ഒതയോത്ത് ഭാഗത്താണ് മുഖം മറച്ച നിലയിൽ പൂർണ്ണനഗ്നനായെത്തിയ അജ്ഞാതന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞത്. ഇതോടെ പ്രദേശം വലിയ ആശങ്കയിലായിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായ വീടിന്റെ കിടപ്പുമുറിയുടെ ജനലിന്റെ ഭാഗത്താണ് ഇയാളെ ആദ്യം കണ്ടത്.
തുടർന്ന് വീടിന്റെ പിൻഭാഗത്തുകൂടി മുന്നിലെത്തി കോളിങ് ബെല്ലടിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ ഇയാൾ വീടിന്റെ മറവിലേക്ക് മാറി നിൽക്കുകയും, വീട്ടുകാർ നാട്ടുകാരെ വിവരമറിയിച്ച് വിളിച്ചുകൂട്ടിയപ്പോഴേക്കും ഓടി രക്ഷപ്പെടുകയുമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപും താമരശ്ശേരി കാരാടി ഭാഗത്ത് സമാനമായ രീതിയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാർത്ഥിനിയുടെ മുഖത്ത് അജ്ഞാതൻ തുണിയിൽ ശേഖരിച്ച ശുചിമുറി മാലിന്യം പുരട്ടിയ സംഭവം വലിയ വാർത്തയായിരുന്നു. കൂടാതെ, പ്രദേശത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പുകളും പതിവായി മോഷ്ടിക്കപ്പെടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാത്രി സമയങ്ങളിൽ കോളിങ് ബെല്ലോ മറ്റ് അസ്വാഭാവിക ശബ്ദങ്ങളോ കേട്ടാൽ ആരാണെന്ന് കൃത്യമായി ഉറപ്പുവരുത്തിയ ശേഷം മാത്രം വാതിൽ തുറക്കാവൂ എന്നും, എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



