ദേശാഭിമാനി ലേഖനവിവാദത്തിൽ നടപടി….

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനവിവാദത്തിന് പിന്നാലെ നടപടിയുമായി മാനേജ്‌മെന്റ്. വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ സ്ഥാനത്തുനിന്ന് മാറ്റി. പകരം ടി. ചന്ദ്രമോഹനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. വാരാന്തപ്പതിപ്പ് ഞായറാഴ്ച യഥാസമയം വിതരണം ചെയ്യാൻ കഴിയാതിരുന്നതിലും ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ ലേഖനം തയ്യാറാക്കാൻ ഇടയായ സാഹചര്യത്തിലും കെ.ആർ. അജയനോട് ദേശാഭിമാനി മാനേജ്‌മെന്റ് നേരത്തെ വിശദീകരണം തേടിയിരുന്നു.

ഇതിന് പിന്നാലെ അജയൻ ഉപയോഗിച്ചിരുന്ന ഓഫീസ് മുറി മാനേജ്‌മെന്റ് പൂട്ടുകയും ചെയ്തു. വിശദീകരണം ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് ദേശാഭിമാനി മാനേജ്‌മെന്റിന്റെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ ഉപയോഗിച്ച കമ്പ്യൂട്ടർ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ഇതിനായാണ് ഓഫീസ് മുറി പൂട്ടിയതെന്നുമാണ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം. ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് നാളെ ഓഫീസിൽ എത്തിയ ശേഷം അന്വേഷണ നടപടികൾ ആരംഭിക്കും. അതേസമയം, ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള വിവാദ ലേഖനം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ലേഖനം തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് തന്നെയാണ് ഇത് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പുറത്തുവിട്ടത്.

Related Articles

Back to top button