പരിശോധനയുടെ പേരിൽ നഗ്നനാക്കി നിർത്തി… കസ്റ്റംസിനെതിരെ യുവാവിന്റെ പരാതി…

കാസർകോട്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ക്രൂരമായ അധിക്ഷേപ ആരോപണവുമായി പ്രവാസി യുവാവ്. പരിശോധനയുടെ പേരിൽ ആളുകൾ നോക്കി നിൽക്കെ വസ്ത്രങ്ങൾ പൂർണ്ണമായും അഴിപ്പിച്ചു നിർത്തി അപമാനിച്ചെന്നും കള്ളക്കടത്തുകാരനാക്കാൻ ശ്രമിച്ചെന്നുമാണ് കാസർകോട് സ്വദേശിയായ മഹ്ഷാദിന്റെ പരാതി. സംഭവത്തിൽ മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണർക്കും പരാതിക്കാരൻ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി.
ദുബായിൽ ഐ.ടി മാനേജരായി ജോലി ചെയ്യുന്ന മഹ്ഷാദ് കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് വരാൻ സാധിച്ചത്. ടിക്കറ്റ് നിരക്കിൽ കുറവുള്ളതിനാലാണ് യാത്ര കണ്ണൂർ വഴിയാക്കിയത്. ഞായറാഴ്ച രാവിലെ 9 മണിയോടെ വിമാനത്താവളത്തിലെത്തിയ മഹ്ഷാദ് മറ്റ് എമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസുകളെല്ലാം പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങവേയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത്. തുടർന്ന് പ്രത്യേക മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു.
“കാസർകോട്ടുകാരനായ ഇയാൾ എന്തിനാണ് കണ്ണൂർ വഴി വന്നത്?” എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യം. ഇന്ത്യയിലെ ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാമല്ലോ എന്ന് തിരിച്ചു ചോദിച്ചതിൽ പ്രകോപിതരായാണ് ഉദ്യോഗസ്ഥർ കടുത്ത രീതിയിലേക്ക് കടന്നതെന്ന് മഹ്ഷാദ് ആരോപിക്കുന്നു. ദീർഘനേരത്തെ പരിശോധനയ്ക്ക് ശേഷവും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ തിരിച്ചിറങ്ങിയ സമയത്ത് ഉദ്യോഗസ്ഥർ തന്നെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്തതായി മഹ്ഷാദ് പറഞ്ഞു. ഒരു പ്രവാസി എന്ന നിലയിൽ സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ നിന്ന് ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണർക്കും നൽകിയ പരാതിയിലെ പ്രധാന ആവശ്യം.



