സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം… മുൻ പാചകത്തൊഴിലാളിയുടെ…

തമിഴ്നാട് ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച കേസിൽ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി. അറുമുഖമാണ് അറസ്റ്റിലായത്. അറുമുഖിന്റെ ഭാര്യ ആലമ്മാളിനെ അടുത്തിടെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള പകയാണ് സ്കൂളിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറിൽ വിഷം കലർത്താൻ ശ്രമിച്ചതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഉപയോഗിച്ചാണ് അറുമുഖ് വിഷം കലർത്താൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. കുട്ടിക്ക് പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇതിനായി പ്രേരിപ്പിച്ചതെന്നാണ് വിവരം. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപ് അധ്യാപകർ ഭക്ഷണം രുചിച്ചുനോക്കണമെന്ന ചട്ടമുണ്ട്. ഇതനുസരിച്ച് അധ്യാപികയ്ക്കായി മാറ്റിവച്ചിരുന്ന പാത്രത്തിലെ സാമ്പാറിലാണ് കുട്ടി വിഷം കലർത്തിയത്.
എന്നാൽ സാമ്പാർ രുചിച്ചുനോക്കിയ അധ്യാപികയ്ക്ക് സംശയം തോന്നിയതാണ് നിർണായകമായത്. തുടർന്ന് കുട്ടിയുടെ കൈയിൽ മഞ്ഞനിറം ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപിക ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയും വിഷം കലർത്തിയതായി സമ്മതിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിൽ അറുമുഖാണെന്ന് കണ്ടെത്തിയത്. സ്കൂൾ അധികൃതരുടെ സമയോചിതമായ ഇടപെടലാണ് ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് മുൻപ് സംഭവം കണ്ടെത്താൻ സഹായിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.



