ഫ്രിഡ്ജിൽനിന്ന് തീ പടർന്നു, വിലപ്പെട്ടതുൾപ്പെടെ കത്തി നശിച്ചു; ഉണ്ടായത്..

കുരിപ്പൊയിലിൽ വീടിന് തീപിടിച്ച് വൻനാശനഷ്ടം. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്സ് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതായി പറയുന്നത്. കുരിപ്പൊയിൽ സ്‌കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യൻറെ വീടാണ് മേൽകൂരയടക്കം പകുതിയിലധികം ഭാഗവും കത്തി നശിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഈ സമയം വൈദ്യുതി ലൈനിൽ അമിത വോൾട്ടേജ് പ്രവാഹം ഉണ്ടായതായി നാട്ടുകാർ പറയുന്നു. സുബ്രഹ്മണ്യൻ കൂലി തൊഴിലാളിയും ഭാര്യ രുഗ്മിണി ആശാവർക്കറുമാണ്. വീട് പൂട്ടിപ്പോയ സമയത്താണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് കാരണം ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് രണ്ടു റൂമുകൾ, അലമാര, ഒരുലക്ഷം രൂപ, രണ്ടു പവൻറെ ആഭരണം, നിരവധി രേഖകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ പൂർണമായും നശിച്ചു.
പ്രദേശത്തെ നിരവധി വീടുകളിൽ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചിരുന്നു. വൈദ്യുതി ലൈനിൽ പ്രവൃത്തികൾ നടന്നിരുന്നു. ഇത് കഴിഞ്ഞ് ലൈൻ ചാർജ് ചെയ്ത സമയത്താണ് അമിതമായ വൈദ്യുതി പ്രവാഹമുണ്ടായത്. അടുക്കളയോട് ചേർന്ന സ്റ്റോക്ക് റൂം കത്തിയമർന്നു. വീടിൻറെ ചുമരുകളും മറ്റും പൊട്ടി വീട് താമസയോഗ്യമല്ലാതായി. ഫ്രിഡ്ജും അലമാരയും പൂർണമാ യി കത്തിയമർന്നു. മകൻറെ ചികിത്സക്കായി സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയും ചികിത്സാരേഖകളും രണ്ട് പവനോളം വരുന്ന സ്വർണാഭരണവും ആധാർ, പാൻ കാർഡ്, എസ്.എസ്.എൽ.സി ബു ക്കുകൾ ഉൾപ്പടെയുള്ള രേഖകളും കത്തി നശിച്ചു. കൂടാതെ പ്രദേശത്തെ നിരവധി വീടുകളിലെ വയറിങ് സംവിധാനങ്ങളും വൈദ്യുതി ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്.



