ജനനേന്ദ്രിയത്തിൽ ബൂട്ടിട്ട് ചവിട്ടി, നഗ്നനാക്കി മർദ്ദിച്ചു… പൊലീസിനെതിരെ ദളിത് യുവാവിന്റെ…

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമർദനമേറ്റതായി പരാതി. കാലടി സ്വദേശി സുജിത്താണ് പൊലീസിനെതിരെ എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മർദിച്ചെന്നാണ് പരാതി.
ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയെന്നും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ ഇടിച്ചെന്നും നഗ്നനാക്കി മർദിച്ചെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് സുജിത്ത് ഉന്നയിക്കുന്നത്. മർദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ രണ്ടിന് വീട്ടിൽ നിന്നാണ് സുജിത്തിനെ പൊലീസ് പിടിച്ചുകൊണ്ടുപോയതെന്നാണ് പരാതി. സുഹൃത്തുക്കൾ ക്രിമിനൽ കേസിൽപ്പെട്ടിട്ടുണ്ടെന്നും അത് അന്വേഷിക്കാനാണ് കൊണ്ടുപോകുന്നതെന്നുമാണ് പൊലീസ് അറിയിച്ചതെന്ന് സുജിത്ത് പറയുന്നു. എന്നാൽ സ്റ്റേഷനിലെത്തിച്ച ശേഷം സുഹൃത്തുക്കളുടെ കേസുമായി ബന്ധപ്പെട്ട് തന്നോട് കാര്യമായി ഒന്നും ചോദിച്ചില്ലെന്നും തന്റെ പേരും ജാതിയും മാത്രം ചോദിച്ച് രേഖപ്പെടുത്തിയെന്നും യുവാവ് ആരോപിക്കുന്നു. പിന്നാലെയാണ് മർദനം ആരംഭിച്ചതെന്നും പരാതിയിൽ പറയുന്നു.
ഉച്ചയ്ക്ക് 12.30ഓടെ സ്റ്റേഷനിലെത്തിച്ച തന്നെ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ മർദിച്ചെന്നാണ് സുജിത്തിന്റെ ആരോപണം. കാൽ അകത്തി വെച്ച ശേഷം ജനനേന്ദ്രിയത്തിൽ ബൂട്ടിട്ട് ചവിട്ടിയെന്നും ലാത്തി ഉപയോഗിച്ച് മർദിച്ചെന്നും യുവാവ് പറയുന്നു. താൻ ടാക്സി ഡ്രൈവറാണെന്നും വാഹനമോടിക്കുന്നതിനിടെ ഉണ്ടാകുന്ന സാധാരണ പെറ്റിക്കേസ് പോലും തനിക്കെതിരെ ഇല്ലെന്നും സുജിത്ത് വ്യക്തമാക്കി.
പിന്നീട് അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതെന്നാണ് വിവരം. സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ച ശേഷം സുജിത്ത് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. പൊലീസ് മർദിച്ചെന്ന ആരോപണത്തിൽ എസ്പിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിക്കേണ്ടതുണ്ട്. ആരോപണങ്ങളിൽ കാലടി പൊലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.



