സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസം…

സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസവിധിയുമായി സുപ്രീം കോടതി. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി. ബോർഡിന് പകരം സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ച ഹൈക്കോടതി നടപടിയും സുപ്രീം കോടതി പൂർണ്ണമായും റദ്ദാക്കി. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണായക നീക്കം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്. ബി.ജെ.പി നേതാവ് ഷോൺ ജോർജ് അടക്കമുള്ളവർ കേസിൽ തടസ്സഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. അതേസമയം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം കോഴിക്കോട്ട് ആരംഭിച്ചു. ഹൈക്കോടതി വിധി നിലനിൽക്കെ തന്നെ യോഗം വിളിച്ചുചേർക്കാൻ ബോർഡിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും മാത്രമാണ് തടസ്സമെന്നും, ദൈനംദിന ജുഡീഷ്യൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ വിലക്കില്ലെന്നുമാണ് ബോർഡ് അധികൃതരുടെ വിശദീകരണം.



