തൊടുപുഴയിൽ പോലീസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ 200 പേർക്കെതിരെ കേസ്…

തൊടുപുഴ: തൊടുപുഴയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയെന്ന ആരോപണത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ കണ്ടാലറിയുന്ന 200-ഓളം പേർക്കെതിരെ കേസ്. സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെ എൺപതോളം പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റോയ് സുകുമാരനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയുമാണ് കഴിഞ്ഞ ദിവസം നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തടഞ്ഞുവെച്ചത്. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാനായി വൻ ജനപങ്കാളിത്തത്തോടെ ആളുകൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇരുവരും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന സംശയത്തെ തുടർന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് വാഹനം പരിശോധിച്ചപ്പോൾ ഔദ്യോഗിക വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടുകളി സാമഗ്രികളും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു.
എന്നാൽ പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നാണ് പോലീസിന്റെ വിശദീകരണം. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരുടെ രക്തസാംപിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് വന്ന ശേഷമേ തുടർനടപടികൾ ഉണ്ടാവൂ എന്നും അധികൃതർ അറിയിച്ചു.



