എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം…

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ് പുറത്തിറങ്ങി. എംബിബിഎസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഇനി മുതൽ നാലര വർഷത്തേക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഈ അടിയന്തര നടപടി. കോഴ്സിന്റെ യഥാർത്ഥ കാലയളവായ നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് സംസ്ഥാനത്തെ ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ ഔദ്യോഗിക അക്കാദമിക് കാലാവധി നാലര വർഷമാണ്. എന്നാൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ അഞ്ച് വർഷത്തെ മുഴുവൻ ഫീസും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. കോഴ്സ് കാലാവധി കഴിഞ്ഞും അര വർഷത്തെ അധിക ഫീസ് വാങ്ങുന്നതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധത്തിലായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഈ ചൂഷണം മൂലം ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയായിരുന്നു വിദ്യാർത്ഥിനികൾക്കും അവരുടെ കുടുംബങ്ങൾക്കും നേരിടേണ്ടി വന്നിരുന്നത്. പുതിയ സർക്കാർ ഉത്തരവ് നിലവിൽ വരുന്നതോടെ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഈ അന്യായമായ ഫീസ് പിരിവിനാണ് പൂട്ടുവീഴുന്നത്. വരും ദിവസങ്ങളിൽ തന്നെ ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതുക്കിയ നിരക്കുകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.

Related Articles

Back to top button