മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് 71-കാരിക്ക് നേരെ ക്രൂര മർദ്ദനവും വധശ്രമവും….

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് വൃദ്ധയായ അമ്മയെ ക്രൂരമായി ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിൽ മകൻ പോലീസിന്റെ പിടിയിലായി. ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശി മനോജ് (46) ആണ് വാടാനപ്പള്ളി പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ ഇയാളുടെ അമ്മ തുളസിക്ക് (71) ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ജൂലൈ 6-ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്. മനോജിന്റെ കുടുംബത്തിൽ അടുത്തകാലത്തുണ്ടായ ചില ദുരിതങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു പ്രതി അക്രമം അഴിച്ചുവിട്ടത്.
ചേറ്റുവയിലുള്ള തറവാട് വീട്ടിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ മനോജ് പെട്ടെന്ന് ബലംപ്രയോഗിച്ച് താഴേക്ക് വലിച്ചിടുകയായിരുന്നു. തുടർന്ന് ഇവരെ കൈകൾ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും കാലുകൊണ്ട് നെഞ്ചിലും വയറ്റിലും ചവിട്ടുകയും ചെയ്തു. ഇതിനിടെ തുളസിയുടെ ഇടതു കൈ ബലമായി പിടിച്ചു തിരിച്ച് ഒടിച്ച പ്രതി, തന്റെ അരയിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാനും ശ്രമം നടത്തി. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് വയോധികയുടെ ജീവൻ രക്ഷിക്കാനായത്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അമ്മയെ വധിക്കാൻ ശ്രമിച്ച മനോജ് മുൻപും നിരവധി ക്രൂരമായ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ 2025-ൽ സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ പ്രതിയായിരുന്നു. കൂടാതെ, 2024-ൽ തദ്ദേശ സ്വയംഭരണ വാർഡ് മെമ്പറെ പരസ്യമായി ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ. ലാൽസൻ, എ.എസ്.ഐ. കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർ റിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചേറ്റുവയിൽ വെച്ച് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



