വ്യാജ ഗൂഗിൾപേ ആപ്പിലൂടെ ലക്ഷങ്ങളുടെ സ്വർണ്ണത്തട്ടിപ്പ്…

വ്യാജ മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു സ്വർണ്ണക്കടകളിൽ നിന്നും മൊബൈൽ ഷോപ്പുകളിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവിനെ പെരുമ്പടപ്പ് പോലീസ് പിടികൂടി. വെളിയങ്കോട് സ്കൂൾപടി സ്വദേശി പുളിക്കൽ ഹൗസ് ജംഷാദ് (29) ആണ് പോലീസിന്റെ വലയിലായത്. എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വർണ്ണക്കടകളിലാണ് ഇയാൾ പ്രധാനമായും തട്ടിപ്പ് നടത്തിയത്. സ്വർണ്ണക്കടകളിൽ ഉപഭോക്താവെന്ന വ്യാജേന എത്തി ആഭരണങ്ങൾ തിരഞ്ഞെടുക്കുകയാണ് ഇയാളുടെ ആദ്യ രീതി. തുടർന്ന് പണം ഗൂഗിൾപേ വഴി അയച്ചതായി കടക്കാരെ വിശ്വസിപ്പിച്ച് ആഭരണവുമായി മുങ്ങും. പിന്നീട് കടയുടമകൾ ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് പണം വന്നിട്ടില്ലെന്നും തങ്ങൾ ചതിക്കപ്പെട്ടെന്നും തിരിച്ചറിയുന്നത്.
പ്രതി തന്റെ മൊബൈൽ ഫോണിൽ പ്രത്യേകം ഡൗൺലോഡ് ചെയ്ത് വെച്ചിരുന്ന ഒരു വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഈ ഹൈടെക് തട്ടിപ്പ് നടത്തിയിരുന്നത്. ഈ വ്യാജ ആപ്പ് വഴി പണം അയക്കുമ്പോൾ സ്വർണ്ണക്കടയുടമയുടെ അക്കൗണ്ടിലേക്ക് പണം വിജയകരമായി കൈമാറിയെന്ന രീതിയിലുള്ള വ്യാജ സന്ദേശം മൊബൈൽ സ്ക്രീനിൽ തെളിയും. ഇത് കാണിച്ച് കടമുടമകളുടെ സംശയം മാറ്റിയാണ് ഇയാൾ ആഭരണങ്ങളുമായി കടന്നുകളഞ്ഞിരുന്നത്. എന്നാൽ, ഇടപാട് നടത്തുന്ന പണം നിമിഷങ്ങൾക്കകം പ്രതിയുടെ അക്കൗണ്ടിൽ തന്നെ തിരിച്ചു കയറുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം ക്രമീകരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. എരമംഗലം, കാഞ്ഞിരമുക്ക് എന്നിവിടങ്ങളിൽ നിന്നായി രണ്ട് പവന്റെ പാദസരങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. ഇതിന് പുറമെ തിരൂരിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്ന് ഇതേ രീതിയിൽ പറ്റിച്ച് വിലകൂടിയ സ്മാർട്ട് ഫോണും ഇയാൾ കൈക്കലാക്കിയിരുന്നു. പൊന്നാനി, ചങ്ങരംകുളം, തിരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിലവിൽ സമാനമായ തട്ടിപ്പ് കേസുകളുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി. നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പോലീസ് കുടുക്കിയത്. ഇന്ന് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പെരുമ്പടപ്പ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പെരുമ്പടപ്പ് പോലീസ് അറിയിച്ചു. പെരുമ്പടപ്പ് എസ്.എച്ച്.ഓ. എം.എ. സന്തോഷ്, എസ്.ഐ. ശ്രീകാന്ത്, എ.എസ്.ഐ. കെ. ഉദയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു തമ്പാൻ, സിവിൽ പോലീസ് ഓഫീസർമാരായ അക്ബർ, ഗിരീഷ്, റഷീദ്, കബിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ പൊന്നാനി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



