ടാറ്റാ വിവാദത്തിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രതീക്ഷിത ബോംബ്…..

കോഴിക്കോട്: കപ്പൽ നിർമ്മാണ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, ടാറ്റ പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തങ്ങളെ ആരും വന്ന് കണ്ടിട്ടില്ലെന്ന വാദങ്ങൾ തള്ളിക്കൊണ്ട്, തന്നെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ടാറ്റ പ്രതിനിധികൾ നേരിട്ടെത്തി കണ്ടിരുന്നുവെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയുടെ ചിത്രവും മാധ്യമങ്ങൾക്കായി പുറത്തുവിട്ടു.

ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതി തന്നെയാണ് ടാറ്റാ പ്രതിനിധികളുമായി ചർച്ച ചെയ്തതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളന കാലത്താണ് ഈ നിർണായക ചർച്ച നടന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ തുടർച്ചയായാണ് യുഡിഎഫ് സർക്കാരും ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്. സർക്കാരുകൾക്ക് തുടർച്ചയുള്ളതാണെന്നും, അതുകൊണ്ട് തന്നെ ടാറ്റയുമായി ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് വ്യക്തമാക്കി. കേരളത്തിൽ കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നതിന് ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ടാറ്റയ്ക്ക് അങ്ങനെയൊരു പദ്ധതിയില്ലെന്ന വാർത്തകൾ വന്നതോടെ പ്രതിപക്ഷം ഇതേറ്റുപിടിച്ചു. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും (CMO) ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയുടെ സാധ്യതയെന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നാണ് വിശദീകരണം. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി മാത്രം ഇത്രയും വലിയ തുകയുടെ ഏക നിക്ഷേപക്കരാർ അന്തിമമായി ഉറപ്പിച്ചു എന്നല്ല ഇതിനർത്ഥമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായാണ് മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനിയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയത്. ഇതിനായി കൊച്ചിൻ പോർട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസനപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും സർക്കാർ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.

Related Articles

Back to top button