സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത… ജാഗ്രതാ നിർദ്ദേശവുമായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യуത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വൻതോതിൽ വർധിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ ഇന്ന് രാത്രി 7 മണിക്ക് ശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂവെന്നും കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്.



