കടം വാങ്ങിയ പണം ചോദിച്ചെത്തിയവർക്ക് നേരെ കത്തിവീശി വാടകക്കാരൻ… ആക്രമണത്തിൽ…

കോഴിക്കോട്: മുണ്ടിക്കല്‍ താഴത്ത് കടം കൊടുത്ത പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. പണം തിരികെ ചോദിക്കാനെത്തിയ സന്ദീപ്, ശബരി എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സന്ദീപിന് മുഖത്തും ശബരിക്ക് കൈക്കുമാണ് പരിക്കേറ്റിട്ടുള്ളത്.
ചെലവൂര്‍ സ്വദേശിയായ രാജു എന്നയാള്‍ തിരുവന്തപുരം സ്വദേശിയും നിലവിൽ ചെലവൂരില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന രാജൻ എന്നയാൾക്ക് പണം കടം കൊടുത്തിരുന്നു. ഈ പണം തിരികെ ചോദിക്കുന്നതിനായി രാജു തന്റെ പരിചയക്കാരായ സന്ദീപിനേയും ശബരിയേയും ഏല്‍പ്പിച്ചു. ഇരുവരും രാജനില്‍ നിന്ന് പണം ചോദിക്കാന്‍ എത്തിയപ്പോഴാണ് തർക്കമുണ്ടായതും രാജന് കത്തി വീശി ഇവരെ ക്രൂരമായി അക്രമിച്ചതുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, സംഘർഷത്തിൽ തനിക്കും പരിക്കേറ്റെന്ന് പരാതിപ്പെട്ട പ്രതി രാജനും നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. രാജൻ ഇപ്പോൾ മെഡിക്കൽ കോളേജ് പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സംഭവത്തില്‍ ഇന്ന് രാത്രിയോടെ തന്നെ കൃത്യമായി കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.



