ആരും അയോഗ്യരാകില്ല, 5 വർഷവും ഞങ്ങൾ ഭരിക്കും’…. ആർ സുഗതന് ജയിലിൽ പുനഃപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത്…

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന് ജയിലിൽ പുനഃപ്രതിജ്ഞയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ തിരുവനന്തപുരം മേയർ വി വി രാജേഷ്. തിരഞ്ഞെടുക്കപ്പെട്ട 101 കൗൺസിലർമാരിൽ ആരും അയോഗ്യരാകില്ലെന്നും, അഞ്ച് വർഷവും ഞങ്ങൾ തന്നെ ഭരിക്കുമെന്നും മേയർ വ്യക്തമാക്കി. കൗൺസിലർ സ്ഥാനം സംരക്ഷിക്കപ്പെടണമെന്ന കൃത്യമായിട്ടുള്ള കോടതി നിലപാടുകൾ ഉള്ളതുകൊണ്ടാണ് ആരോഗ്യകരമായിട്ടുള്ള ഇത്തരം വിധികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി നിർദ്ദേശിച്ച സമയത്ത് തന്നെ നാളെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തും. ഇതിനായി ഇന്ന് തന്നെ വിയ്യൂരിലേക്ക് പോകുമെന്നും മേയർ അറിയിച്ചു. കൗൺസിൽ യോഗത്തിൽ ഒപ്പ് വെച്ചില്ലെങ്കിലും ആർക്കും അയോഗ്യത ഉണ്ടാകില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമുള്ള കാര്യമാണ്. കേസ് വളഞ്ഞിട്ട് അക്രമിക്കൽ ഒന്നുമല്ലെന്നും ഞങ്ങൾക്ക് ഒന്നിനോടും വിയോജിപ്പില്ലെന്നും വി വി രാജേഷ് വ്യക്തമാക്കി. നാളെ രാവിലെ 11 മണിയ്ക്ക് വിയ്യൂർ ജയിലിൽ വെച്ചാണ് ആർ. സുഗതന്റെ പുനഃപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ചടങ്ങിൽ അംഗീകൃത മാധ്യമപ്രവർത്തകർക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അതേസമയം മേയർക്കും പരിമിതമായ ഉദ്യോഗസ്ഥർക്കും മാത്രമാണ് ജയിലിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ജനാധിപത്യത്തിന്റെ സംരക്ഷണം കോടതിയുടെ കടമയെന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം എടുക്കാൻ കോടതിയ്ക്ക് അധികാരമുണ്ട്. ജനവിധി മാനിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനുമാണ് ഇത്തരം അസാധാരണ തീരുമാനങ്ങൾ. ജനാധിപത്യത്തിൽ ജനകീയ കൽപ്പനകൾ എപ്പോഴും മാനിക്കപ്പെടണമെന്നും ഹൈക്കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button