മൺറോത്തുരുത്തിൽ വീശുവലയിൽ കുടുങ്ങിയത് മനുഷ്യന്റെ തലയോട്ടി….

കൊല്ലം മൺറോത്തുരുത്ത് പേഴുംതുരുത്തിൽ വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇടച്ചാൽ പാലത്തിന് താഴെയുള്ള കായലിനോട് ചേർന്നുള്ള ഭാഗത്താണ് തലയോട്ടി കണ്ടെത്തിയത്. കായൽ തീരത്തു നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത് പ്രദേശവാസികളെ വലിയ രീതിയിൽ ഞെട്ടിച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ പ്രദേശവാസികളിൽ ചിലർ സ്ഥിരമായി ഇവിടേക്ക് എത്താറുണ്ടായിരുന്നു.
അത്തരത്തിൽ എത്തിയ സമീപവാസികളാണ് ഇന്നലെ രാത്രിയോടെ സംശയാസ്പദമായ രീതിയിൽ കായൽ ഭാഗത്ത് തലയോട്ടി കണ്ടത്. തുടർന്ന് പരിസരവാസികൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിഴക്കേ കല്ലട പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കായലിൽ കണ്ടെത്തിയ തലയോട്ടി ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി പ്രദേശത്തുനിന്നും സമീപകാലത്ത് കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പോലീസ് പ്രത്യേക അന്വേഷണം നടത്തിവരികയാണ്.



