ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട സാവരിയയുടെ രണ്ട് പോസ്റ്റ്മോർട്ടം റിപ്പോര്ട്ടിലും മരണകാരണം…..

ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ രണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലെയും കണ്ടെത്തലുകൾ ഒന്നാണെന്ന് സൂചന. തലച്ചോറിലുണ്ടായ കടുത്ത രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ റീ പോസ്റ്റ്മോർട്ടത്തിലാണ് പ്രതിയുടെ ക്രൂരത വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. പെൺകുട്ടി കടുത്ത മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്. സാവരിയയുടെ തലയ്ക്ക് പിന്നിൽ രണ്ട് തവണ ശക്തമായി അടിച്ചതിന്റെ അടയാളങ്ങളുണ്ട്. നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ട്. പുറത്തും വയറ്റിലും ബൂട്സ് കൊണ്ട് ചവിട്ടേറ്റതിന് സമാനമായ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾ കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഈ ഫലം ലഭിച്ച ശേഷമേ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടൂ.
കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ഒരുങ്ങുകയാണ് കേരള പൊലീസ്. ഇന്ന് സാവരിയയുടെ മാതാപിതാക്കളുടെയും, മൃതദേഹം നാട്ടിലെത്തിക്കാൻ ഉസ്ബെക്കിസ്താനിലേക്ക് പോയ ബന്ധുവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ ദൃക്സാക്ഷികൾ ഇല്ലെന്നാണ് ഉസ്ബെക്കിസ്താനിലെ ബുഖാറ പൊലീസിന്റെ റിപ്പോർട്ട്. ജൂലൈ മൂന്നിനാണ് ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ കോളേജ് ഹോസ്റ്റലിൽ വെച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) കൊല്ലപ്പെടുന്നത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ്. സംഭവത്തിൽ സഹവിദ്യാർത്ഥിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) ഉസ്ബെക്ക് പൊലീസിന്റെ പിടിയിലായിരുന്നു.
പ്രതി സദറുൽ അനം മുൻപും സാവരിയയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്ന് ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം മർദ്ദനത്തിന് ശേഷം പെൺകുട്ടി താഴെ വീണതാണെന്ന് കള്ളം പറഞ്ഞാണ് പ്രതി ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ഇന്ത്യയും ഉസ്ബെക്കിസ്താനും തമ്മിലുള്ള നയതന്ത്ര കരാർ അനുസരിച്ച് ഇരയും പ്രതിയും ഇന്ത്യൻ പൗരന്മാരായതിനാൽ കേസ് വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ആവശ്യപ്പെടാം. അതിനാൽ വിചാരണ അടക്കമുള്ള തുടർനടപടികൾ ഇന്ത്യയിലാകാനാണ് സാധ്യത. വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് പ്രതിയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.




