ആനക്കൊമ്പുകൾ വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ…. അപേക്ഷ നൽകിയത്…..

കൊച്ചി: തന്റെ കൈവശമുള്ള ആനക്കൊമ്പുകൾ വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് താരം അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യുന്നത്. നടന്റെ അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തിയിട്ടുണ്ട്.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന്, ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹൻലാലിന് അനുവദിച്ച് 2016-ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, മോഹൻലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും മുൻപ് നൽകിയ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ കോടതി നടപടി.
വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം വ്യക്തികൾക്കോ ഒരുവിഭാഗം ആളുകൾക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അന്ന് നിരീക്ഷിച്ചിരുന്നു. ഈ പ്രത്യേക ഇളവുകൾക്കുള്ള സാഹചര്യവും പൊതുമാപ്പ് സൗകര്യവും ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ മോഹൻലാൽ ആനക്കൊമ്പുകൾ വനംവകുപ്പിന് സറണ്ടർ ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്.



