‘അമ്മ’ ജനറൽ ബോഡിയിൽ എന്നെ അപമാനിച്ചു, അശ്ലീല വാക്കുകൾ പറഞ്ഞു… ശ്വേതാ മേനോന്റെ ഫോൺ സംഭാഷണം പുറത്ത്…

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ (അമ്മ) ജനറല്‍ ബോഡിയില്‍ വെച്ച് തന്നെ അപമാനിച്ചതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് നടി ശ്വേതാ മേനോന്‍. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കിയെന്നും ഔദ്യോഗിക കണക്കുകള്‍ അവതരിപ്പിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം താന്‍ മിണ്ടാതെ ഇരുന്നതെന്നും, സ്വന്തം നിരപരാധിത്വം തെളിയിക്കാനും കണക്ക് അവതരിപ്പിക്കാനും തനിക്ക് അവസരം തരണമെന്നും ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടു. സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗമായ രമേഷ് പിഷാരടിയോടാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്. ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുളള ഫോണ്‍ സംഭാഷണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ ശ്വേതാ മേനോൻ പറയുന്നതിങ്ങനെ

“ജനറല്‍ ബോഡിയില്‍ എന്നെ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്‌റ്റേജില്‍ നിര്‍ത്തി അശ്ലീല വാക്കുകള്‍ പറഞ്ഞത്. കണക്കുകള്‍ അവതരിപ്പിക്കാന്‍ അവർ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കി. നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് ഇതില്‍ വിഷമം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥാപനമായി ‘അമ്മ’ മാറി. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. കുറ്റാരോപിതര്‍ മാത്രം ബഹളമുണ്ടാക്കിയത് എന്തിനാണ്? സിദ്ധിഖിന് മൈക്ക് പിടിച്ചുവാങ്ങാനുളള അധികാരം ആരാണ് നല്‍കിയത്? അനൂപ് ചന്ദ്രന്‍ അടിക്കാന്‍ ഓങ്ങി. എല്ലാത്തിനും എന്റെ പക്കൽ തെളിവുണ്ട്. കണക്കുകള്‍ തെളിയിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.”

ബാബുരാജിന്റെ കമ്മിറ്റിയിലെ കണക്കുകള്‍ മുഴുവന്‍ തെറ്റാണെന്നും തനിക്കൊപ്പം കുറച്ച് കമ്മിറ്റി അംഗങ്ങളുണ്ടെന്നും ശ്വേത പറഞ്ഞു. ഒന്‍പതുപേരാണ് തനിക്കെതിരെ നിന്നതെന്നും മറ്റാരും യോഗത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്വേതാ മേനോന്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ, സ്ത്രീകൾ തലപ്പത്ത് വന്നപ്പോൾ സംഘടന കുളമായി എന്നൊരു പ്രതീതി പുറത്തുണ്ടായി എന്ന് രമേഷ് പിഷാരടി ശ്വേതയോട് പറഞ്ഞു. ഇനിയും ഒരു അവസരം തരാന്‍ തങ്ങള്‍ക്കാവില്ലെന്നും ജനറല്‍ ബോഡിയാണ് അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും രമേഷ് പിഷാരടി ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button