ലഹരി മാഫിയയ്‌ക്കെതിരെ പെരുമ്പാവൂർ ഉണരുന്നു… ബഹുജന റാലിക്ക് നേതൃത്വം നൽകി രമേശ് ചെന്നിത്തല

പെരുമ്പാവൂർ: ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി വൻ തോതിൽ ലഹരിവസ്തുക്കൾ പിടികൂടിയ പെരുമ്പാവൂരിൽ ലഹരിക്കെതിരെ ജനകീയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബഹുജന റാലിക്കാണ് പെരുമ്പാവൂരിൽ തുടക്കം കുറിച്ചിരിക്കുന്നത്. പ്രദേശത്ത് അതിഥി തൊഴിലാളികളെ മറയാക്കി വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് പെരുമ്പാവൂരിൽ തന്നെ ഇത്തരമൊരു ജനകീയ ചെറുത്തുനിൽപ്പിന് തുടക്കം കുറിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. ബോധവത്കരണ പരിപാടികളുടെ ഭാഗമായി, അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും സ്ഥലങ്ങളിലും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് സന്ദർശനം നടത്തും. വലിയ ജനപങ്കാളിത്തത്തോടെയാണ് ലഹരിവിരുദ്ധ ബഹുജന റാലി പ്രദേശത്ത് പുരോഗമിക്കുന്നത്.




