പെപ്‌സിക്കും കോളയ്ക്കും എതിരെ കേരളത്തിന്റെ തേങ്ങാവെള്ളം… വിപണി പിടിക്കാൻ ഐടിസിയുടെ ‘കോക്കനട്ട് കോള’യെത്തുന്നു

കൊച്ചി: കൊക്കകോളയും പെപ്‌സികോയും കുത്തകയാക്കി വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം കരിക്കിൻ വെള്ളം പുതിയ ഭാവത്തിൽ രംഗപ്രവേശനം ചെയ്യുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ ഐടിസി (ITC) ആണ് നാളികേരാധിഷ്ഠിതമായ പുതിയ കാർബണേറ്റഡ് പാനീയവുമായി വിപണിയിലെത്തുന്നത്. ‘ബി നാച്ചുറൽ കോക്കനട്ട് കോള’ എന്ന് പേരിട്ടിരിക്കുന്ന ഈ പാനീയം വിപണിയിൽ ഇതിനകം വലിയ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ‘സഹായ് ജി’ കുടിക്കാൻ ആഗ്രഹിച്ച നാരിയൽ കാ പാനി രാജ്യമൊട്ടാകെ തരംഗമാകുമ്പോൾ കേരളത്തിലെ നാളികേര കർഷകർക്കും ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

നിലവിൽ രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് രണ്ട് യു.എസ് കമ്പനികളാണ്. എന്നാൽ അവരുമായി നേരിട്ടൊരു വിലയുദ്ധത്തിനല്ല ഐടിസി മുതിരുന്നത്. മറിച്ച്, കരിക്കിൻ വെള്ളവും കോളാ ഫ്ലേവറും സമന്വയിപ്പിച്ച് തികച്ചും പുതിയൊരു ഉൽപ്പന്ന വിഭാഗം സൃഷ്ടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. സാധാരണ കോളകളെപ്പോലെ കടുത്ത ‘ഫിസ്’ (ഗ്യാസ്) ഐടിസിയുടെ കോക്കനട്ട് കോളയ്ക്ക് ഉണ്ടാകില്ല. കുറഞ്ഞ കലോറിയുള്ളതും പഞ്ചസാര ചേർക്കാത്തതുമായ, പൂർണ്ണമായും ആരോഗ്യകരമായ ഒരു ബദൽ പാനീയമായാണ് ഇത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിലയുടെ കാര്യത്തിലും ഇതൊരു പ്രീമിയം ഉൽപ്പന്നമായാണ് വിപണനം ചെയ്യുന്നത്. കൊക്കകോളയുടെ 300 മില്ലി ക്യാന്നിന് 38 രൂപ വിലയുള്ളപ്പോൾ, ബി നാച്ചുറൽ കോക്കനട്ട് കോളയുടെ 250 മില്ലി ക്യാന്നിന് 60 രൂപയാണ് വില ഈടാക്കുന്നത്. നിലവിൽ തിരഞ്ഞെടുത്ത ചില ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ മാത്രമേ ഈ പാനീയം ലഭ്യമാകൂ എന്ന് വ്യവസായ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു. നവീനമായ പാനീയങ്ങൾ അവതരിപ്പിക്കുന്ന ഐടിസിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ലോഞ്ച്. ഇതിന് മുൻപ് ഓട്‌സ് ചേർത്ത ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി, മാമ്പഴക്കഷ്ണങ്ങൾ ചേർത്ത മാംഗോ സ്മൂത്തി എന്നിവയും കമ്പനി വിപണിയിലെത്തിച്ചിരുന്നു.

റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പുനരവതരിപ്പിച്ച ഐക്കണിക് ബ്രാൻഡായ കാമ്പാ കോള വിപണിയിൽ തിരിച്ചെത്തി രണ്ട് വർഷത്തിനുള്ളിൽ തന്നെ മികച്ച മുന്നേറ്റം നടത്തിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ കാമ്പാ കോള 4,700 കോടി രൂപയുടെ വാർഷിക വരുമാനം രേഖപ്പെടുത്തി ഇന്ത്യയിലെ നാലാമത്തെ വലിയ ബ്രാൻഡായി മാറി. നിലവിൽ വിപണിയിൽ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും പെപ്‌സിയെയും കൊക്കകോളയെയും നേരിട്ട് വെല്ലുവിളിക്കാൻ കാമ്പാ കോളയ്ക്ക് ആയിട്ടില്ല. അവിടേക്കാണ് ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഐടിസി നാളികേര വെള്ളവുമായി എത്തുന്നത്. സാധാരണ കോളകൾ കുടിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇതിനുണ്ടാകില്ലെങ്കിലും, കോള പ്രേമികൾ ഇഷ്ടപ്പെടുന്ന ‘ഏമ്പക്കം വരുമ്പോഴുള്ള ആ പഴയ ഗുമ്മ്’ ഈ പാനീയത്തിന് കുറവായത് ഇതിന്റെ വിപണിയെ ബാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Related Articles

Back to top button